തുടക്കം .....


1985 ഫെബ്രുവരി 19 നു രാത്രി 6 മുതല്‍ 7 വരെയുള്ള ഒരുമണിക്കൂറിലെപ്പോഴോ ആണ് ആ ദരിദ്ര സ്ത്രീ അവരുടെ എട്ടാമത്തെ കുഞ്ഞുന് ജീവന്‍ നല്‍കിയത് . 8 കുട്ടികള്‍ വേണം എന്ന പിടിവാശി ഉള്ളത് കൊണ്ടല്ല , മറിച്ച്‌ ഒന്നെങ്കിലും ജീവനോടെ വേണം എന്നതുകൊണ്ട് . കാരണം അവര്‍ ഇതിനു മുന്പ് പ്രസവിച്ച 7 പേരും മരിച്ച് പോയതുകൊണ്ട് മാത്രമാണ് . അവസാന ശ്രമം എന്ന നിലക്കാവണം ഇപ്രാവിശ്യം പ്രസവിച്ചത് . കൂലിപ്പണിക്കാരായ ആ ദമ്പതികള്‍ക്കറിയാത്ത പേരുകളാണ് 7 പിഞ്ചു കുട്ടികളുടെയും മരണത്തിനു ഡോക്ടര്‍മാര്‍ പറയുന്നത് . ഒന്നും അറിയാതിരിക്കുമ്പോള്‍ എല്ലാവരും ചെയ്യുന്നതെ ആ പാവം ദമ്പതികള്‍ക്കും 
ചെയ്യാനായുള്ളൂ . " ഈശ്വരാ.... എന്തിനാണ് ഇങ്ങനെ ഒരു പരീക്ഷണം ….. ????". ഇതെങ്കിലും ജീവനോടെ തന്നാല്‍ ഗുരുവായൂര്‍ തുലാഭാരം , പഴനിയില്‍ കാവടി , ശബരിമലയില്‍ മലകയറ്റം ,…………………………
അവര്‍ മാത്രമല്ല ഇപ്രാവിശ്യം ജീവനോടെ ഒരുകുഞ്ഞിനെ നല്‍കിയാല്‍ എന്ന ആവിശ്യാര്‍ഥം അറിഞ്ഞ എല്ലാവരും നേര്‍ന്നു അവര്‍ക്കറി യവുന്നിടങ്ങളിലൊക്കെ നേര്‍ച്ച. അതിനു ജാതിയോ മതമോ ഒരു വിലങ്ങു തടിയായില്ല . മാഹി പള്ളി ,പറപ്പള്ളി പിന്നെ നാട്ടിലെ ഉള്ള പള്ളികള്‍ ….. അങ്ങനെ നേര്‍ച്ചകളുടെ ലിസ്റ്റ് നീണ്ടു . എഴുതി തുടങ്ങിയാല്‍ 300 പേജിന്‍റെ ബുക്ക്‌ തീരും , ഇപ്പോഴാണെങ്കില്‍ 1 GB മെമ്മറി ഉപയോഗിക്കേണ്ടി വന്നേനെ . എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് ആ ഭാര്യ - ഭര്‍ത്താക്കന്മാര്‍ക്ക് ബുക്കും പെന്‍ഡ്രൈവും വേണ്ടിവന്നില്ല . ഒരുപാടു കാര്യങ്ങള്‍ സൂക്ഷിക്കാനില്ലാത്ത അവരുടെ മെമ്മറി മാത്രം മതിയായിരുന്നു . അതും അവര്‍ ഷെയര്‍ ചെയ്തു ഓര്‍ത്തു വച്ചു. 
എട്ടാമത്തെ സന്താനമായതിനലാണോ അതോ ഭഗവാന്‍ കൃഷ്ണന്‍ പ്രസാദിച്ചു നല്കിയതിനാലാണോ എന്നറിയില്ല അവര്‍ ആ കുട്ടിക്ക് ഗുരുവായൂര്‍ വച്ച് ചോറ് കൊടുത്ത് പേര് വിളിച്ചു "കൃഷ്ണപ്രസാദ്".
ഇതിനു മുന്‍പത്തെ കുട്ടികളില്‍ (മരിച്ചു പോയ 7 പേര്‍ ) ചിലര്‍ ജനിച്ചപ്പോള്‍ തന്നെയും മറ്റു ചിലര്‍ 5 വയസ്സ് ആയപ്പോളും മരിച്ചതാണ് . ചോര ചര്‍ദ്ധിച്ചു കൊണ്ടായിരുന്നു മരിക്കുക . അതുകൊണ്ട് തന്നെ ഈ കുഞ്ഞിന്‍റെ കാര്യത്തില്‍ ഏല്ലാവര്‍ക്കും ഒന്നല്ല രണ്ടു കണ്ണുകളും ഉണ്ടായിരുന്നു .







ഈ കുഞ്ഞിനെ ഓമനിക്കാന്‍ അച്ഛനും അമ്മയും മത്സരിച്ചു . നാട്ടുകാരും കഴിയുന്നപോലെ ഓമനിച്ചു . കുഞ്ഞിന്‍റെ വയസ്സ് അവര്‍ക്ക് മുന്നിലൂടെ പതുക്കെ വളരാന്‍ തുടങ്ങി .നാട്ടുകാര്‍ ചെവി കൂര്‍പ്പിച്ചു . ഏതു നിമിഷവും ഈ കുഞ്ഞിന്‍റെ മരണം അറിയ്ച്ചു കൊണ്ട് ആ സ്ത്രീയുടെ അലര്‍ച്ച കേള്‍ക്കാം .ഓടി എത്താനുള്ള തയ്യാറെടുപ്പുകള്‍ അവരുടെ വീടുകളില്‍ എപ്പോഴും ഉണ്ടാവും . കഴിഞ്ഞ കുറച്ചു കാലമായി അവര്‍ ചെയ്യുന്നതാണിത്.
ഇപ്രാവിശ്യം 5 വയസില്‍ സംഭവം നടന്നില്ല . കുട്ടി സംസാരിച്ചു തുടങ്ങി യപ്പോള്‍ കുട്ടിയെ എടുത്തു കളിപ്പിക്കാന്‍ ആള്‍ക്കാരും കൂടി . പക്ഷെ .... കുട്ടിയുടെ കുഞ്ഞു വായില്‍ നിന്നും അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്ക് വൃത്തി കേടുകളുടെ സൗന്ദര്യം കുറെ ഏറെ ആയിരുന്നു .ഒരു പക്ഷെ താന്‍ ജീവിക്കേണ്ടുന്ന കാലം വളരെ വൃത്തി കെട്ടതാണെന്ന മുന്‍ വിധി ആയിരിക്കാം ആ കുഞ്ഞിനെ കൊണ്ട് ചീത്ത വാക്കുകള്‍ പറയിപ്പിച്ചത് ...(ഞാന്‍ കുഞ്ഞിനെ ന്യായികരിക്കുകയല്ല കേട്ടോ . കുട്ടികള്‍ ചീത്ത പറയരുത് ചെയ്യരുത് എന്ന് തന്നെ യാണ് എന്‍റെ അഭിപ്രായം ). പിന്നെ കുരുത്തക്കേടുകള്‍ എന്ന് പറഞ്ഞാല്‍ അത് കണ്ടുപിടിച്ചത് പോലും ഈ കുട്ടിക്ക് വേണ്ടിയനെന്നെ തോന്നു . വീട്ടില്‍ വരുന്ന ഒരാളു പോലും ചെരുപ്പിട്ടു കൊണ്ട് തിരിച്ചു പോവില്ല .ചെരിപ്പിടാന്‍ മറന്നു പോവുന്നതല്ല . ചെരിപ്പിന്‍റെ വാര്‍ ഈ മഹാന്‍ ആരും കാണാതെ മുറിച്ചു വെക്കും , എന്നിട്ട് പഞ്ച പാവമായി അവുടെ മടിയില്‍ കയറി യിരുന്ന്‍ കുട്ടിക്കളികള്‍ കളിക്കും . ആര്‍ക്കും പിടികൊടുക്കാതെ ഈ സൂത്രപ്പണി തുടര്‍ന്നുകൊണ്ടെയിരുന്നു.ഏല്ലാവര്‍ക്കും ഭയങ്കര അതിശയം എങ്ങനെ ഇത് സംഭവിക്കുന്നു . എപ്പോഴോ ഒരിക്കല്‍ കൈയില്‍ ബ്ലേഡും ഒരു ചെരിപ്പുമായി വിദ്വാന്‍ പിടിക്കപ്പെട്ടു .അതോടെ അത് നിറുത്തി മറ്റു മേഖലകളിലേക്ക് ശ്രദ്ധ മാറ്റി. നാട്ടില്‍ ഒരാളു മാത്രമേ ഈ ചേരിപ്പിന്‍റെ കാര്യത്തില്‍ രക്ഷപെട്ടിട്ടുള്ളൂ. അത് അയല്‍വാസി ആലമിയേട്ടനാണ് (കാരണം അയാള്‍ ചെരിപ്പിടാറില്ലയിരുന്നു ) ഏതായാലും ഒമാനിച്ചവരില്‍ ചിലരുടെ സ്നേഹ ഭാവം മാറി ..





നാട്ടിലെ ഏക സ്കൂള്‍ Dr: അംബേദ്ക്കര്‍ G:H:S കോടോത്ത് ആണ് .അവിടുത്തെ ഹെഡ് മാസ്റ്റര്‍ ഉണ്ണിത്താന്‍ സാര്‍ എല്ലാ ദിവസവും സ്കൂളിലേക്ക് പോവുന്നത് ഈ കുട്ടിയുടെ വീടിനടുത്ത്‌ (വീട് എന്ന്‍ ഒരു ശൈലിക്കുപയോഗിച്ചതാണ് യഥാര്‍ത്ഥത്തില്‍ ഒരു കൂര ) കൂടിയായിരുന്നു . ഒരു ദിവസം നമ്മുടെ കഥാനായകന്‍ രാവിലെ വീട്ടില്‍ നിന്നും എന്തോ വാങ്ങിക്കാന്‍ വേണ്ടി കടയില്‍ പോയതാണ് , കൂലി കിട്ടിയ പണത്തില്‍ നിന്നും 20 രൂപയുടെ ഒരു നോട്ട് കൊടുത്ത് അച്ഛന്‍ പറഞ്ഞു വിട്ടതാണ് കഷിയെ .പക്ഷെ അന്ന് ആ കട തുറന്നിരുന്നില്ല . ദേഷ്യം നമ്മുടെ കഷിക്ക് വളരെ പെട്ടന്നാണ് . കട അടച്ചു കണ്ട അപ്പോള്‍ തന്നെ ദേഷ്യം ഇരച്ചു കയറിയ നമ്മുടെ നായകന്‍ വീട്ടിലേക്കുള്ള മടക്കയാത്ര ആനന്ദപ്രധാമാക്കാന്‍ ആ 20 രൂപ നോട്ട് 200 ചെറിയ കഷണങ്ങള്‍ ആക്കി മുറിച്ചു .എന്നിട്ടും വീടെത്തിയില്ല .ആ സമയത്താണ് നമ്മുടെ ഹെഡ് മാസ്റ്റര്‍ അത് വഴി സ്കൂളിലേക്ക് പോവുന്നത് . തന്നെ മൈന്‍ഡ് ചെയ്യാതെ പോയ ആ മനുഷ്യനോടു കിട്ടിക്ക് അല്പം ദേഷ്യം തോന്നി . മനുഷ്യ സഹജമായ ദേഷ്യം . അത് നമുക്കും തോന്നാം . പിള്ള മനസ്സില്‍ കളങ്കം ഇല്ലാലോ . കുട്ടി സാറിനെ വിളിച്ചു " ഹേയ്‌……..".
സാര്‍ തിരിഞ്ഞു നോക്കി . "എന്താടാ നായിന്‍റെ മോനെ നിനക്ക് കണ്ണ് കണ്ടുടെ? ഇവിടെ ഒരാള്‍ നില്‍ക്കുന്നത് കണ്ടൂടെ ?".അവന്‍ അവന്‍റെ ഈര്‍ഷ്യ വളരെ സൗമ്യമായി അവതരിപ്പിച്ചു . ചരിത്രം പഠിച്ച ആ അധ്യാപകന്‍ ഞെട്ടിപ്പോയി .അദ്ദേഹം അവന്‍റെ അടുത്ത് ചെന്ന് കുനിഞ്ഞിരുന്നു പറഞ്ഞു ." ഷമിക്കണം. ഞാന്‍ ശ്രദ്ധിച്ചില്ല … നിങ്ങളുടെ വീട് എവിടെയാ ?". അവനു വളരെ സന്തോഷമായി .അങ്ങനെ വഴിക്ക് വാ . "എന്‍റെ വീടാണ് ആ കാണുന്നത് ..". സര്‍ അവനോട് "വാ നമുക്കൊന്ന്‍ അവിടം വരെ പോവാം " എന്ന് പറഞ്ഞു ."ഹ്മ്മം . ഞാന്‍ ഇതൊന്നു കളഞ്ഞിട്ടു വരം ". അവന്‍ 20 രൂപയുടെ 200 കഷണങ്ങള്‍ ഒരു കല്ലില്‍ വച്ചു അതിനു മുകളില്‍ മറ്റൊരു കല്ല്‌ വച്ചു .എന്നിട്ട് സാറിനോട് പറഞ്ഞു "എനിക്ക് നടക്കാന്‍ വയ്യ ….".സര്‍ അവനെ എടുത്തു നടന്നു . അവന്‍ വിരല്‍ ചൂണ്ടിയ വീട്ടിലേക്ക് .അവന്‍റെ മനസ്സില്‍ അയാളോട് സ്നേഹം കൂടി വന്നു .
വീട്ടിലെത്തിയ ഹെഡ് മാസ്റ്റര്‍ അച്ഛനോട് എന്തൊക്കെയോ പറയുന്നു അച്ഛന്‍ തലയാട്ടി സമ്മതിക്കുന്നു .എന്തോ നമ്മുടെ താരം ഇതിലൊന്നും യാതൊരു താല്‍പര്യവും ഇല്ലാതെ അടുത്ത പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്‌ . അവസാനം സര്‍ യാത്ര പറയുന്നതിനിടയില്‍ അച്ഛന്‍ കുട്ടിയോട് ചോദിച്ചു "മോനെ കടയില്‍ പോയി വാങ്ങാന്‍ പറഞ്ഞ സാധനം എവിടെ ?".
കുട്ടി മറന്ന കാര്യം പിന്നെയും ഓര്‍മിപ്പിച്ചു . അവനു ദേഷ്യം വരാന്‍ തുടങ്ങി ,"അത് തുറന്നിട്ടില്ല ……….",അച്ഛന്‍ ചിരിച്ചു കൊണ്ട് "സാരമില്ല വൈകിട്ട് ഞാന്‍ തന്നെ വാങ്ങിക്കോളാം ,ആ പൈസ താ മോനെ "."വഴിയിലെ പാറക്കല്ലിന്‍റെ മുകളില്‍ ഉണ്ട് " എന്ന് പറഞ്ഞു കൊണ്ട് അവന്‍ അടുത്ത വീട്ടിലേക്ക് അവന്‍റെ പദ്ധധികളുമായി ഓടിപ്പോയി .
ആ 20 രൂപയുടെ 200 കഷണങ്ങള്‍ നഷ്ടപ്പെടാതെ ആ അച്ഛന്‍ ഇന്നും സൂക്ഷിക്കുന്നുണ്ട് .!!!!!!!!!
അങ്ങനെ നമ്മുടെ നായകന്‍റെ അടുത്ത ഘട്ടം ആരംഭിക്കുകയായി ……….
അന്ന് സര്‍ പറഞ്ഞത് കുട്ടിയെ അങ്ങനവാടിയില്‍ അയക്കാനായിരുന്നു …………





( തുടരും …)

0 comments:

Post a Comment