മറവി


സീന്‍ ഒന്ന്‍

2013 നവംബര്‍ 11..

“മോനെ മാധവന്‍ മാമന്‍റെ പരിചയത്തില്‍ ഒരു കുട്ടി ഉണ്ടത്രേ.MCA പഠിക്കുകയാണ്. ഈ വര്‍ഷം തീരും. നീ വന്ന് കാണ്. ഇനിയും വൈകരുത് മോനെ. ഞങ്ങളുടെ കണ്ണടയുന്നതിനു മുന്പ് നിന്‍റെ കല്യാണം കൂടി കഴിഞ്ഞു കാണാന്‍ ഒരുപാട് ആഗ്രഹം ഉണ്ട് ഞങ്ങള്‍ക്ക്..”
എല്ലാം പതിവു പോലെ ആര്‍ക്കോ വേണ്ടി കേട്ടുകൊണ്ടിരുന്നു ഞാന്‍.ഇങ്ങനെ ഓരോ കുട്ടികളുടെ കാര്യം പറഞ്ഞു കൊണ്ട് അമ്മയുടെ ഒരു കോള്‍ എല്ലാ ദിവസവും ഉള്ളതാണ്.
പക്ഷേ.....
എന്‍റെ പോന്നു എന്‍റെ കണ്ണില്‍ നിന്നും അകന്നുപോയിട്ട് ഇന്നേക്ക് 3 വര്ഷം തികയുന്നു. സാമുഹിക,സാമ്പത്തിക അനാചാരത്തിന്റെയും അന്തരത്തിന്റെയും നെറികേടുകള്‍ ശിരസ്സിലേറ്റി ഞാനും അവളും ഞങ്ങളുടെ അച്ഛനമ്മമാര്‍ക്കും കൂടെപ്പിറപ്പുകള്‍ക്കും വേണ്ടി ഞങ്ങളെ മറന്നതിന്റെ മൂന്നാം വാര്‍ഷികം.
2010 നവംബര്‍ 11 നു അവളുടെ അച്ഛനും അമ്മയും വന്ന് അവളെ എന്നില്‍ നിന്നും പറിച്ചെടുത്തു കൊണ്ടുപോയപ്പോള്‍ അവളുതിര്‍ത്ത കണ്ണിരിന്റെ ചൂട് ഇന്നും എന്‍റെ ഇടനെഞ്ചില്‍ തളംകെട്ടി കിടക്കുന്നുണ്ട്.എന്നെ ഓര്‍ത്തു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ജീവിക്കുന്ന എന്‍റെ പൊന്നുവിന്റെ മുഖം....
അവള്‍ അവസാനമായി എന്‍റെ ചെവിയില്‍ ഇടറിയ ശബ്ദത്തില്‍ പറഞ്ഞ വാക്കുകള്‍ ഇന്നും എന്നില്‍ അലയടിക്കുന്നു.
“എന്‍റെ ഓരോ ശ്വാസത്തിലും ഞാന്‍ നിങ്ങളുടേത് മാത്രമായിരിക്കും..”.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഞാന്‍ എന്‍റെ പൊന്നുവിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല.
എന്‍റെ നഷ്ടങ്ങളും വേദനകളും ചിരിക്കുന്ന മുഖത്തിനു പിറകില്‍ ഒളിപ്പിച്ചു വെച്ചു കൊണ്ടു ഞാന്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് 3 വര്ഷം ആയി എന്ന യാഥാര്‍ത്ഥ്യവും എന്നില്‍ തികട്ടി വരുന്നു. ഓര്‍മകളുടെ ചെപ്പിലൊളിപ്പിച്ച ദു:ഖങ്ങള്‍ എന്‍റെ സ്വകാര്യ സമ്പത്താണ്‌.
ചിതലരിക്കാതെ ഞാന്‍ കാക്കുന്ന എന്‍റെ ഓര്‍മ്മകള്‍ എന്നില്‍ ഒരു തേങ്ങലായി വിറകൊള്ളാന്‍ ആരംഭിച്ചിരിക്കുന്നു. എന്‍റെ സാമ്രാജ്യത്തില്‍ എന്‍റെ വേദനകളുടെയും എന്‍റെ നൊമ്പരങ്ങളുടെയും കൂട്ടുകാരാനായ SIGNATURE ബോട്ടില്‍ മേശപ്പുറത്തിരുന്നു ഞെളിപിരി കൊള്ളാന്‍ തുടങ്ങിയിട്ട് നേരമേറെയായി. അതെന്നെ നോക്കി നാണത്തോടെ ഒരു കണ്ണ്‍ ഇറുക്കികാണിച്ചു. എല്ലാം മറക്കാന്‍ കണ്ണുകളടച്ചു പിടിച്ചു കൊണ്ട് ഞാനതിനെ പ്രാപിച്ചു.
എന്നിലെ ബോധത്തിന്റെ അവസാന കണികയും എന്നെ വിട്ടു അകലാന്‍ ഒരുങ്ങുമ്പോള്‍ പതുക്കെ അവളുടെ വാക്കുകള്‍ എന്‍റെ ചെവിയില്‍ വീണ്ടും വിരുന്നിനെത്തി.

“എന്‍റെ ഓരോ ശ്വാസത്തിലും ഞാന്‍ നിങ്ങളുടേത് മാത്രമായിരിക്കും..”.

സീന്‍ രണ്ട്

2013 നവംബര്‍ 11.

കളിപ്പാട്ടവുമായി തല്ലുകൂടുന്ന 2 വയസ്സുകാരന്‍. തൊട്ടടുത്തായി വേദനയോടെ വിദൂരതയില്‍ കണ്ണും നട്ടിരിക്കുന്ന പോന്നു. TV സ്ക്രീനില്‍ സ്ത്രീ ജനങ്ങളുടെ പ്രിയപ്പെട്ടവരായ ചെമ്പരത്തിപ്പൂവും കുങ്കുമപ്പൂവും ആരും ശ്രദ്ധിക്കാതെ തകര്‍ത്താടുന്നു. വീടിനു മുന്നില്‍ ഒരു ബൈക്ക് വന്ന് നിന്നപ്പോള്‍ പൊന്നുവിന്റെ മുഖം സന്തോഷത്താല്‍ തിളങ്ങി.അവള്‍ എഴുന്നേറ്റ് വാതിക്കല്‍ ചെന്നു.”ഏട്ടാ.. ഇന്നെന്താ വൈകിയത് ?. ഞാന്‍ പേടിച്ചു പോയി. വിളിച്ചിട്ട് കിട്ടുന്നും ഇല്ല. വൈകുമ്പോള്‍ ഒന്നു വിളിച്ചു പറഞ്ഞാലെന്താ.ഇവിടെ ബാക്കിയുള്ളവരുടെ ഉള്ളില്‍ തീയാ...” പൊന്നുവിന്റെ പരിഭവം കണ്ണുനീരിന്റെ രൂപത്തിലേക്കുകൂടി മാറുന്നത്കണ്ടു അയാള്‍ അവളെ കെട്ടിപിടിച്ചു ഒരു മുത്തം കൊടുത്തു. “ ഇന്ന് പ്രതിക്ഷിക്കാതെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു എന്‍റെ പൊന്നേ. ഇങ്ങനെ അങ്ങ് പേടിച്ചാലോ മുത്തെ... നീ അത്താഴം റെഡി ആക്കു. ഞാന്‍ ഒന്നു ഫ്രഷ്‌ ആയി വരട്ടെ.
മോനെ... അപ്പു... പപ്പയുടെ ചക്കരയ്ക്ക് ഇതാ ചോക്ലേറ്റ്.. വാടാ അപ്പു...” അയാള്‍ അല്‍പ സമയം അപ്പുവിന്‍റെ കൂടെ ചിലവഴിച്ചു.അതിനു ശേഷം കുളിച്ചു ഫ്രഷ്‌ ആയി വന്ന് TV യില്‍ ന്യൂസ്‌ വെച്ചു. “ അതേ... അപ്പുറത്തെ ആ രഘു ഇല്ലേ..” അടുക്കളയില്‍ നിന്നും പോന്നുവിന്‍റെ ശബ്ദം. അയാള്‍ ഒന്നു മൂളി. അവള്‍ തുടര്‍ന്നു “ ഇന്നും വല്ലാതെ ഓവര്‍ ആണെന്ന് തോന്നുന്നു. ആരോടൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നുണ്ടായിരുന്നു. അയാള്‍ എന്തിനാ ഇങ്ങനെ കുടിച്ചു നശിക്കുന്നത്..” ന്യൂസ്‌ ശ്രദ്ധിച്ചുകൊണ്ട് അയാള്‍ അതിനും ഒന്നു മൂളി.
മൂന്നു പേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. അല്‍പ സമയം രണ്ടു പേരും അപ്പുവിന്റെ കൂടെ ചെലവഴിച്ചു. “മോനെ അപ്പു.. മോനുറങ്ങിക്കോ.. പപ്പയ്ക്ക് രാവിലെ പോവണ്ടാതല്ലേ... വാ അമ്മ മോനെ കൊണ്ട് കിടത്താം..”. ഒരു കള്ളചിരിയോടെ പോന്നു അപ്പുവിനെ കൊണ്ട് കിടത്തി. അവള്‍ അടുക്കളയില്‍ ചെയ്തു തീര്‍ക്കേണ്ട ജോലികളൊക്കെ തീര്‍ത്ത് ലൈറ്റ് ഓഫ്‌ ചെയ്തു.രണ്ടു പേരും ഒരുമിച്ചിരുന്നു ന്യൂസ്‌ കണ്ടു. അല്പം കഴിഞ്ഞു അവള്‍ അയാളുടെ ചെവിയില്‍ പതുക്കെ പറഞ്ഞു. 
“അതേ.... മോനുറങ്ങി....”.
ഹാളിലെ ലൈറ്റും ഓഫ്‌ ആയി...



ഒരു പേന





ഇന്നും പതിവു പോലെ രാവിലെത്തെ ചായയ്ക്ക്ഞങ്ങള്‍ 5 പേരടങ്ങുന്ന ടീം ഒത്തുകൂടി.ആവി പറക്കുന്ന ചായയ്ക്ക് ഒപ്പം കാലം പൊറുക്കാത്ത ചര്‍ച്ചകളും. പല വിഷയങ്ങളും ഞങ്ങളുടെ ഈ ചായച്ചര്‍ച്ചയില്‍ വരാറുണ്ട്. ഏതു വിഷയത്തില്‍ ചര്‍ച്ച ആരംഭിച്ചാലും അവസാനം അതെന്‍റെ കല്യാണത്തില്‍ ചെന്നെത്തും. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നഖശിഖാന്തം എതിര്‍ക്കുന്ന 28 കാരനായ ഞാന്‍ ആ  5 പേരില്‍ ഏക അവിവാഹിതനാണ്.
    അങ്ങനെ ഇന്നത്തെ ചര്‍ച്ച ആധുനിക ശാസ്ത്ര സാങ്കേതിക കാലഘട്ടത്തെ വെല്ലുവിളിച്ചു കൊണ്ട്, ‘നിമിത്തങ്ങള്‍’ എന്നാ വിഷയമായിരുന്നു. കൂട്ടത്തില്‍ ഒരാളുടെ ജീവിതത്തില്‍ ഒരു ഷര്‍ട്ട്‌ ഉണ്ടാക്കിയ കാര്യങ്ങള്‍. അയാള്‍ ആ ഷര്‍ട്ട്‌ ഇട്ടു പോയ ഇന്റര്‍വ്യൂവില്‍ അയാള്‍ സെലക്ട്‌ ആയാത്രെ. ആ ഷര്‍ട്ട് ധരിച്ച മറ്റൊരു ദിവസം തലനാരിഴയ്ക്ക് ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നു. അതേ ഷര്‍ട്ട്‌ ധരിച്ച് പോയി കണ്ട പെണ്‍കുട്ടി അയാളുടെ ജീവിത പങ്കാളിയാവുന്നു. ഇങ്ങനെ പോവുന്നു കഥകള്‍. ഇതിനൊക്കെ ഊര്‍ജം നല്‍കികൊണ്ട് മറ്റു അംഗങ്ങള്‍ മേംപൊടി ചേര്‍ത്തു കൊണ്ട് ഉപകഥകള്‍ തങ്ങളുടെ ജീവിതാനുഭവങ്ങളില്‍ നിന്നും നിര്‍ദാക്ഷണ്യം അടര്‍ത്തി എടുത്ത് പ്രയോഗിക്കുന്നുമുണ്ട്. ഹാസ്യത്തില്‍ പൊതിഞ്ഞ ചില നിര്‍ദോഷ എതിര്‍പ്പുകള്‍ ഞാന്‍ ഇടയ്ക്ക് പ്രയോഗിക്കാന്‍ മറന്നില്ല.ഭാഗ്യത്തിനു ഈ ചര്‍ച്ചയില്‍ എന്‍റെ കല്യാണക്കാര്യം വന്നില്ല.
  ഇതിടയ്ക്ക് ഞങ്ങളുടെ ഫ്ലൂറിലെ ഒരു എമ്പ്ലോയീ, ഞങ്ങള്‍ക്ക് അടുത്ത് വന്ന് പേന ചോദിച്ചു. ഞാന്‍ എന്‍റെ പോക്കറ്റില്‍ നിന്നും പേന എടുത്തു കൊടുത്തു. അയാള്‍ അല്പം മാറി ഇരുന്നു എന്തൊക്കെയോ കുത്തി കുറിച്ച് പേന തിരിച്ചു തന്നു ധൃതിയില്‍ പോയി.അയാള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു ഇന്റെര്‍ണല്‍ ഇന്റര്‍വ്യൂ ആയിരുന്നത്രെ.
    വൈകിട്ട് ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ വളരെ ക്ഷീണം തോന്നി.ഇന്നിനി നടന്നു പോവാന്‍ വയ്യ.ഞാന്‍ ഒരു നിറുത്തിയിട്ട ഓട്ടോയില്‍ കയറി. ആ ഓട്ടോകാരന്‍ പണ സംബന്ധമായ എതോ കാര്യം ഒരു ബൈക്ക്കാരനോട് സംസാരിക്കുകയായിരുന്നു. ഞാന്‍ എനിക്ക് പോവേണ്ടുന്ന സ്ഥലം പറഞ്ഞു. അയാള്‍ 2 നിമിഷം കാത്തിരിക്കാന്‍ എന്നോട് ആവിശ്യപ്പെട്ടു. ഇതിടയില്‍ തിരക്കിട്ട് അയാള്‍ ഡിക്കിയില്‍ നിന്നും രണ്ടു ഒരു പോലെയുള്ള കവര്‍ എടുത്തു. എന്നോട് പേന ചോദിച്ചു. ഞാന്‍ എന്‍റെ പേന അയാള്‍ക്ക് നല്‍കി. അയാള്‍ ഒരു കവറില്‍ എന്തോ എഴുതിബൈക്കുകാരനെ ഏല്‍പ്പിച്ച് ബാക്കി തുക അടുത്തമാസം തരാം എന്ന് പറഞ്ഞു. എനിക്ക് പേന തിരിച്ചു തന്നുകൊണ്ട് എനിക്ക് പോവേണ്ട സ്ഥലം ഒന്നു കൂടി ചോദിച്ചു ഉറപ്പു വരുത്തി. ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്തു. അല്പം ദൂരം ഞങ്ങള്‍ യാത്ര ചെയ്തു. പെട്ടന്ന് ഞങ്ങളെ overtake ചെയ്തുകൊണ്ട് ആ ബൈക്ക് മുന്നില്‍ നിറുത്തി. ഓട്ടോയും നിറുത്തി. ബൈക്കുകാരന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി വന്ന് ഓട്ടോകാരന്‍റെ മുഖമടച്ച് ഒരെണ്ണം പൊട്ടിച്ചു. എന്നിട്ട് വായില്‍ കൊള്ളാത്ത കുറേ തെറികളും.. ഓട്ടോകാരന്‍ തന്‍റെ കൈവശം ഉള്ള രണ്ടാമത്തെ കവര്‍ തുറന്നു നോക്കി. തിരക്കില്‍ കൊടുത്ത കവര്‍ മാറിപ്പോയതാണ്.പണം അടങ്ങുന്ന കവര്‍ ഓട്ടോ യില്‍ തന്നെ ബാക്കി ആയിപ്പോയതാണ്.
    ഞാന്‍ വീട്ടിലെത്തി.അല്‍പ സമയത്തിനുള്ളില്‍ TV യ്ക്ക് കേബിള്‍ connection തരാന്‍ ആള് വന്നു.എല്ലാ ചാനലുകളും ഉണ്ട്. ഭാഗ്യം ഇനി TV ഇല്ല എന്നാ ഒരു ദുഷ് പെരുണ്ടാവില്ലല്ലോ? അയാള്‍ എന്‍റെ പേന കൊണ്ട് എന്തൊക്കെയോ എഴുതി കൂട്ടിയിട്ട് 1500/- രൂപ വാങ്ങി തിരിച്ചു പോയി. ഞാന്‍ ഓരോ ചാനലുകളും മാറ്റി മാറ്റി നോക്കി. കൊള്ളം. എല്ലാം വളരെ മനോഹരമായിരിക്കുന്നു.അല്‍പ നേരം കഴിഞ്ഞപ്പോള്‍ കതകില്‍ ആരോ മുട്ടുന്നതു കേട്ട് ഞാന്‍ കതകു തുറന്നു നോക്കി. നേരത്തെ കേബിള്‍കാരന്‍,ഒരു ചമ്മല്‍ ഒളിപ്പിച്ചു വെച്ചു കൊണ്ടുള്ള ചിരി എനിക്ക് സമ്മാനിച്ചു കൊണ്ട് വാതിക്കല്‍ നില്ല്ക്കുന്നു. എനിക്ക് ആ ചിരിയെന്ന സമ്മാനം വേണ്ട എന്ന ഭാവത്തോടെ ഞാന്‍ അയാളെ നോക്കി. കണക്ക് കൂടിയപ്പോള്‍ റിസീവര്‍ന്‍റെ കാശു കൂട്ടാന്‍ മറന്നു. ഇനി ഒരു 500 കൂടി വേണം. ഞാന്‍ 500 കൂടി നല്‍കി അയാളെ വീണ്ടും യാത്രയാക്കി.
    നാളെ സാലറി കിട്ടും. ഞാന്‍ ഈ മാസത്തെ ശമ്പളം ഒന്നു വീതം വെച്ചു നോക്കി. ജീവിതത്തിലെ കണക്കുകള്‍ എല്ലാം പിഴച്ചവനാണ് ഞാന്‍. എങ്കിലും ശമ്പളത്തിന്റെ കണക്കു തെറ്റാന്‍ പാടില്ല. ഒരു തരത്തിലുള്ള ഞാണിന്‍ മേല്‍ കളിയാണ് ഞാന്‍ ശമ്പളം കൊണ്ട് നടത്തുന്നത്. ബാലന്‍സ് ചെറുതായി തെറ്റിയാല്‍ മതി ജീവന്‍ തന്നെ തലമേല്‍ മറിയും. ഏതായാലും ഞാന്‍ പേന എടുത്തു എഴുതി.
    അച്ഛനു അയക്കാന്‍            - 10,000
    വീട് വാടക + പലചരക്ക് കട    - 10,000
    1 മാസത്തെ ജീവിതം + മദ്യം     -  5000
                              ----------------------  
                                  25000
വളരെ സന്തോഷം, കണക്കുകള്‍ എല്ലാ മേഖലകളെയും വേദനിപ്പിക്കാത്ത വിധം സ്പര്‍ശിച്ചു.
    രാവിലെ എണിറ്റു ഓഫീസില്‍ പോവാന്‍ റെഡി ആയി. സമയത്തിനു തന്നെ ഓഫീസില്‍ എത്തി. ഇന്ന് എല്ലാവരുടെയും മുഖത്ത് സന്തോഷം കാണുന്നുണ്ട്. കാരണം മാസത്തില്‍ ഒരിക്കല്‍ വരുന്ന ആ വസന്തം ഇന്നാണല്ലോ ( തെറ്റു ധരിക്കല്ലേ – ഞാന്‍ ഉദേശിച്ചത് സാലറി ഡേറ്റ് ആണ്). സാലറി ഡേറ്റ് ആയാല്‍ അന്നേ ദിവസം എന്‍റെ മാനേജര്‍ ഉള്‍പെടെ എല്ലാരും എന്നെ ഒരു വിചിത്ര ജീവി ആയിട്ടാണ് നോക്കുന്നത്.കാരണം അന്ന് രാത്രി എനിക്ക് ആറാട്ട് ആണെന്ന് എല്ലാര്ക്കും അറിയാം. തൊട്ടടുത്ത ദിവസം ലേറ്റ് അല്ലെങ്കില്‍ ഓഫ്‌.അത്യാവിശ്യം ജോലികള്‍ തീര്‍ത്ത് സ്ഥിരം ടീംന്‍റെ കൂടെ ചായയ്ക്ക് പോയി. ആ സമയത്ത് ഇന്നലെ പേന വാങ്ങിയ ആള് വളരെ നിരാശനായി നടന്നു വന്നു. ഞങ്ങളില്‍ ഒരാള്‍ ഇന്റര്‍വ്യൂ നെപ്പറ്റി ചോദിച്ചു. അയാള്‍ക്കത് നഷ്ടപെട്ടു എന്നറിഞ്ഞു. വളരെ പ്രതീക്ഷയില്‍ ആയിരുന്നു ആ പാവം മനുഷ്യന്‍.
ഇന്നത്തെ ചായച്ചര്‍ച്ച ശമ്പളത്തിന്റെ പങ്കുവേക്കലിനെ കുറിച്ചായിരുന്നു. ഓരോ ആള്‍ക്കാര്‍ക്കും ഓരോ രീതിയില്‍ ഉള്ള ആവിശ്യങ്ങള്‍. എനിക്ക് പ്രത്യേകിച്ചു കണക്കുകള്‍ ഒന്നും തന്നെയില്ല. ചര്‍ച്ച പിരിഞ്ഞു.
    വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ സാലറി ക്രെഡിറ്റ്‌ ആയതിന്റെ മെസ്സേജ് കണ്ടു. അയ്യോ എന്‍റെ സാലറി യില്‍ 10,000 കുറവ്.
ഞാന്‍ പെട്ടന്ന് ലാപ്‌ ഓണ്‍ ചെയ്തു പേറോള്‍ ചെക്ക്‌ ചെയ്തു.
കോപ്പ്.... മൈ.......
എപ്പോഴോ ഒരു insurance ലിങ്ക് ക്ലിക്ക് ചെയ്തു എതോ ഒരു പോളിസിയ്ക്ക് അപ്ലൈ ചെയ്തു പോയിരുന്നു.അതിന്റെ ഫസ്റ്റ് installment ഈ മാസത്തെ ശമ്പളത്തില്‍ നിന്നും പിടിച്ചു. മേശപ്പുറത്തിരുന്നു ഇന്നലെ ഞാന്‍ എഴുതിയ കണക്കിലെ അച്ഛനു അയക്കാനുള്ള 10,000 രൂപ എന്നെ നോക്കി പല്ലിളിച്ചു.
ഏറെ നേരം ഞാന്‍ ആ ഇരുപ്പ് തുടര്‍ന്നു. പലതും എന്‍റെ ചിന്തകളില്‍ മിന്നി മറഞ്ഞു. കഴിഞ്ഞ ദിവസം കേട്ട ഷര്‍ട്ട്‌ന്‍റെ കഥ , എന്‍റെ പേന കൊണ്ട് എഴുതിയ ഓരോ ആള്‍ക്കാര്‍ക്കും ഉണ്ടായ അനുഭവം.
       1)      ഓഫീസിലെ ആ മനുഷ്യന്‍റെ ഇന്റര്‍വ്യൂ
       2)      ഓട്ടോകാരന് കിട്ടിയ അടി
       3)      കേബിള്‍ കാരന്റെ തെറ്റിയ കണക്ക്
       4)      എന്‍റെ സാലറിയില്‍ 10,000 കുറഞ്ഞത്
ഷര്‍ട്ട്‌ എല്ലാം നല്ല രീതില്‍ സംഭവിപ്പിച്ചു. എന്‍റെ പേന എന്നെ പോലെ തന്നെ എല്ലാം നെഗറ്റീവ് ആക്കുകയാണോ ?
എന്‍റെ ആദര്‍ശങ്ങളും ചിന്തകളും എന്നെ വിട്ടു എവിടെയോ ഓടി ഒളിച്ചു.ഞാന്‍ യാന്ത്രികമായി ഒരു അന്ധവിശ്വാസത്തിന്റെ ഭാഗമാവുകയായിരുന്നു. ചെറുപ്പകാലം ഒരു മനുഷ്യനില്‍ തീര്‍ക്കുന്ന യുക്തിഹീനമായ ഓരോ വാക്കുകളും കഥകളും ഏതെങ്കിലും സാഹചര്യങ്ങളില്‍ മനുഷ്യരെ സ്വാദിനിക്കും.
കൂടുതല്‍ ഒന്നും ആലോചിച്ചില്ല. ഞാന്‍ എന്‍റെ പേന പുറത്തേക്ക് വലിച്ചെറിഞ്ഞു. അത് ദൂരെ ഒരു മരച്ചോട്ടില്‍ ചെന്ന് വീണു.
ഒരു ദുരന്തം വലിച്ചെറിഞ്ഞ സന്തോഷത്തില്‍ ഞാന്‍ കൂര്‍ക്കം വലിച്ചുറങ്ങി.
    രാവിലെ എന്‍റെ അലാറം ഉണരുന്നതിനു മുന്നേ പുറത്തെ ബഹളം എന്നെ വിളിച്ചുണര്‍ത്തി. ഉറക്കച്ചടവോടെ ഞാന്‍ എണിറ്റു വാതില്‍ തുറന്നു നോക്കി. എന്താണെന്നറിയില്ല ഒരാള്‍കൂട്ടം. എന്‍റെ വീടിനു സമീപം നിറുത്തിയിട്ട ഒരു കാറിനു അടുത്തായി കുറച്ചു ആള്‍ക്കാര്‍ കൂടിയിരിക്കുന്നു. ഒരമ്മ 5 വയസ്സൂ പ്രായമുള്ള തന്‍റെ മകനെ പൊതിരെ തല്ലുന്നു. കണ്ണുകള്‍ തിരുമ്മി ഞാന്‍ ഒന്നു ശ്രദ്ദിച്ചു നോക്കി.
അതേ... തല്ലു കൊണ്ട് അലമുറയിട്ടു കരയുന്ന കൊച്ചിന്റെ കൈയില്‍ ഞാന്‍ ഇന്നലെ വലിച്ചെറിഞ്ഞ ആ പേന. നിറുത്തിയിട്ട കാറിന്റെ ടയര്‍ ഒഴികെ എല്ലായിടത്തും പേന കൊണ്ട് കോറിയിട്ട പാടുകളും.
ഞാന്‍ പെട്ടന്നൂ കതകടച്ചു കുറ്റിയിട്ടു...