ഒന്ന് ( ക്രിസ്ത്യാനി )
പത്താം ക്ലാസ്സിൽ വെച്ചായിരുന്നു എന്റെ ആദ്യത്തെ പ്രണയം.
അത്യാവിശ്യം നന്നായി പഠിക്കുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. (സത്യം….. ).
ക്ലാസ്സിൽ ഒന്നാമൻ. ഓണപ്പരീക്ഷ കഴിഞ്ഞതിനു ശേഷമാണാ മഹാ സംഭവം ഉണ്ടായത്. എന്റെ അതി ഗഭീരമായ ഒന്നാമത്തെ പ്രണയം.
എല്ലാ ദിവസത്തെ പോലെയും അന്നും രാവിലെ 9 മണി മുതൽ special class. 10 മണിക്ക് regular class. ആദ്യത്തെ പിരീഡിൽ നമ്മുടെ പ്യുൺ ( സ്കൂളിലെ Head എന്നാണു മൂപ്പരുടെ വിചാരം ) ഒരു പെൺ കുട്ടിയെയും കൊണ്ട് ക്ലാസ്സിലേക്ക് വന്നു. എല്ലാവരുടെയും കണ്ണുകൾ ആ പാവം പെൺകുട്ടിയെ വേട്ടയാടി. ( എന്റെ പവിത്രമായ രണ്ടു കണ്ണുകൾ ഒഴികെ ).
" ഇതു നിങ്ങളുടെ ക്ലാസ്സിൽ പുതുതായി വന്ന കുട്ടിയാണു – സൗമ്യ പോൾ".
സാറിന്റെ ഈ വാക്കുകളാണെല്ലാരെയും ഉണർത്തിയത് ( എന്നെ ഒഴികെ ….)
( കുട്ടിയുടെ പേരു മാത്രം ഞാൻ പറയില്ല….)
സാറെന്തൊക്കെയോ ക്ലാസ്സെടുത്തു എന്നു തൊന്നുന്നു.ഒന്നും മനസ്സിലായില്ല. ഏതൊ ഒരു പെൺ കുട്ടി വന്നിട്ടൊന്നും അല്ല. അല്ലെലും ആർക്കും ഒന്നും മനസിലാവാറില്ല. ആകെ Biology class മാത്രമാണു എല്ലാർക്കും നന്നായി മനസ്സിലാവുക.
ഫസ്റ്റ് പീരിഡ് കഴിഞ്ഞ് ഞങ്ങളെല്ലാരും നമ്മുടെ സൗമ്യയെ നന്നായി പരിചയപ്പെട്ടു. ഇവിടെ ഒരു relative ന്റെ വീട്ടിൽ നിന്ന് പഠിക്കാനാണു അവളുടെ പരിപാടി.
ഇനി കാര്യത്തിലെക്ക് കടക്കാം. ഞങ്ങൾ ആൺകുട്ടികൾ ഒരു പന്തയം വെച്ചു. ആർക്കാണു അവളെ വളക്കാൻ ഏറ്റവും പെട്ടന്ന് പറ്റുക എന്നതിലാണു ബെറ്റ്.
തൊട്ടടുത്ത ദിവസം മുതൽ ബെറ്റ് സ്റ്റാർട്ട് ആയി. എല്ലാവരും നന്നായി ശ്രമിക്കാൻ തുടങ്ങി. ഞാൻ അതിനൊന്നും പോയില്ല. എനിക്ക് നേരെ വാ നേരെ പോ എന്ന രീതിയാണിഷ്ടം.
ആദ്യത്തെ ആഴ്ചയിൽ എന്റെ കൂടെ ഉള്ള ഒരാൾക്കും അവളോടെന്ന് സംസാരിക്കാൻ പോലും പറ്റിയില്ല. അവൾ അതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി നടക്കും.
കക്ഷി കാണാൻ നല്ല ചന്തമുണ്ട്. ഒരു പാവം നാടൻ പെൺകൊടി. അവളോട് ചെരിയ ഒരിഷ്ടം തോന്നിതുടങ്ങിയതങ്ങനെയാ..
ഒരു ദിവസം ഞാൻ അവളോട് വളരെ നല്ലരീതിയിൽ അല്പം സംസാരിച്ചു. അവൾ ഒറ്റ മോളാണവളുടെ അച്ഛ്നും അമ്മയ്ക്കും. പിന്നെയുള്ളത് ഒരു അനുജനാണു. ഒരു ആൺകുട്ടിയെയായിരുന്നു അവർ ആഗ്രഹിച്ചത് ആദ്യം. അങ്ങനെ അവളെ കുറിച്ച് ചിലത് അവൾ അന്നു പറഞ്ഞു. എന്റെ ആക്രാന്തം എന്നെ കൊണ്ട് അന്ന് തന്നെ " I Love You " എന്നും പറയിപ്പിച്ചു. അതു കേട്ട ഉടനെ അവൾ എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് " I too..".
എന്നോക്കെ പറയാൻ ഇതു സിനിമയല്ലല്ലോ?.
ഞാൻ " I Love you " എന്ന് പറഞ്ഞ് തീരുന്നതിനു മുൻപു തന്നെ നമ്മുടെ കഥാനായിക സ്ത്രീ ജന്മം എന്ന സീരിയൽ നായികയെ തോൽപ്പിക്കുമാർ കരച്ചിൽ ആരാംഭിച്ചു.പെൺകുട്ടികൾ കരയുന്നത് അന്നും ഇന്നും എനിക്കിഷ്ടമല്ല. ഞാൻ ഉടൻ തന്നെ സ്കൂളിൽ നിന്നും വീട്ടിലേക്ക് വിട്ടു. രണ്ട് ദിവസം പനിച്ച് കിടന്നു. എല്ലാം കഴിഞ്ഞു കാണും എന്ന വ്യാമോഹത്തോടെ അടുത്ത ദിവസം ക്ലാസ്സിൽ പോയി. Special class കഴിയുന്നതുവരെ നല്ലരീതിയിൽ തന്നെ ശ്വാസം എടുക്കാൻ കഴിഞ്ഞിരുന്നു. ആരും ഈ സംഭവത്തെ കുരിച്ചു ഒന്നും ചോദിച്ചില്ല. ആരും അറിഞ്ഞില്ല എന്ന് മനസ്സിലായി. നമ്മുടെ സൗമ്യ ക്ലാസ്സിൽ വന്നിട്ടും ഇല്ല.
അങ്ങനെ വളരെ സന്തോഷത്തൊടെ ഇരിക്കുന്നതിനിടയിൽ പെട്ടന്ന് എനിക്കൊരു തലചുറ്റൽ പോലെ. അല്ല തല വട്ടത്തിൽ കറങ്ങുകതന്നെയാണു. അല്ല ശ്വാസം നിലയ്ക്കുകയാണെന്നു തോന്നുന്നു.
അതാ… അവളു വരുന്നുണ്ട് …… കൂടെ ആരോ ഉണ്ട് … വീട്ടിൽ പറഞ്ഞു കാണും…….
താഴെ വീഴാതിരിക്കാൻ ഞാൻ വളരെ കഷ്ട്പ്പെട്ടു..
അവൾ വന്ന ഉടനെ അവളുടെ അടുത്തിരിക്കുന്ന പുഷ്പ എന്ന കുട്ടിയെ വിളിച്ച് കൂടെ വന്ന
ആളെ പരിചയപ്പെടുത്തി കൊടുത്തു. അങ്ങനെ പ്രശ്നമൊന്നും ഇല്ലാതെ ആ സീൻ കഴിഞ്ഞു.
അതിനു ശേഷം പുഷ്പ എന്റെടുത്തു വന്ന് ചോദിച്ചു " എന്തെ ചെവ്വാഴ്ച ഉച്ചക്ക് പോയത്.?"
ഞാൻ പറഞ്ഞു " അപ്രതീക്ഷിതമായ ഒരു ചെറിയ പനി . രണ്ടു ദിവസം കൊണ്ട് കുറച്ച് കുറവുണ്ട്."
പുഷ്പ : " സൗമ്യയ്ക്കും അന്ന് ഉച്ചക്കു തന്നെ പനിയും തലവേദനയും തുടങ്ങി. അവളും അന്ന് ഉച്ചക്ക് പോയി. ഇന്നാ പിന്നെ വരുന്നത്. അവളുടെ മാമൻ അതു ഓഫിസിൽ പറയാൻ വന്നതാ…"
ഞാൻ പറഞ്ഞു " ഈ കാലാവസ്ഥയുടേതായിരിക്കും……."
അന്നു വൈകുന്നേരം പുഷ്പ വീണ്ടും വന്നു. "കാലാവസ്ഥ വ്യതിയാനം ഒരുവിധം പുഷ്പയ്ക്ക് അവൾ പറഞ്ഞ് കൊടുത്തു.
ഞാൻ ആരാ മോൻ ???? ഞാൻ പുഷ്പ യോടു പറഞ്ഞു " ഈ ശനിയാഴ്ച സ്പെഷ്യൽ ക്ലാസ്സിൽ വരുബോൾ സൗമ്യ എന്നോട് ഇഷ്ട്മുണ്ടെങ്കിൽ തലയിൽ തുളസ്സി ക്കതിർ ചൂടിക്കൊണ്ട് വരണം , നീ ഒന്ന് ഇത് അവളോട് പറയണം ".
പുഷ്പ ഒക്കെ പറഞ്ഞു.
അങ്ങനെ പരസ്പരം നോക്കതെ സംസാരിക്കതെ ആ ദിവസം കഴിഞ്ഞു.
അടുത്ത ദിവസം.അതായത് ശനിയാഴ്ച.
ഞാൻ വളരെ നേരത്തെ തന്നെ അത്ഭുതങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്
വരാന്തയിൽ കാത്തിരിക്കുകയാണു. സമയം TT ബസ്സിന്റെ വേഗത്തിലാ ഓടിക്കൊണ്ടിരിക്കുന്നത്.ക്ലാസ്സ് തുടങ്ങറായി. എല്ലാവരും എത്തി. ആവൾ മാത്രം എത്തിയില്ല ഇതുവരെ. " ദൈവമേ…. ഇന്ന് അവൾ വന്നില്ലയെങ്കിൽ ഞാൻ പഠിത്തം നിർത്തും."
"അങ്ങനെ എന്റെ പൊന്നു മോൻ ഇപ്പോൾ നന്നാവണ്ട …" എന്നു പറഞ്ഞു കൊണ്ട് നമ്മുടെ ദൈവം അവളെ മന്ദം മന്ദം സ്കൂളിലേക്കാനയിച്ചു കൊണ്ട് വന്നു.
ഞാൻ വിട്ടില്ല " ദൈവമേ…. അവൾ ഞാൻ പറഞ്ഞതുപോലെ തുളസിക്കതിർ ചൂടിയിട്ടില്ലയെങ്കിൽ നാളെ മുതൽ ഞാൻ ഇങ്ങോട്ടേക്കില്ല….."
അവൾ പതുക്കെ എന്റെ അടുത്തെത്താറായി. അല്ലാ അടുത്തെത്തി…
അങ്ങനെ എന്റെ വിദ്യാഭ്യാസത്തിനൊരു തീരുമാനം ആയി….
"നിന്നെ അങ്ങനെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലാ മോനെ" എന്നാണല്ലോ നമ്മുടെ ദൈവത്തിന്റെ ലൈൻ.
ഭൂമി 120 സ്പീഡിൽ കറങ്ങുന്നതായി തോന്നി എനിക്ക്. എന്റെ അടുത്തെത്തിയ സൗമ്യ " എനിക്കും തന്നെ ഇഷ്ട്പ്പെട്ടു തുടങ്ങിയെടാ …." എന്ന് ഭാവത്തോടെ അവളുടെ നീണ്ടുനിവർന്ന കാർകൂന്തൽ പിറകു വശത്തുനിന്നും പതുക്കെ എടുത്ത് മുൻപിലേക്കിട്ടു……..
എന്റെ പ്രിയപ്പെട്ട സുഹൃത്ത് പുഷ്പ ഈ കാര്യം ഒരു സായാഹ്ന് പത്രക്കാരിയുടെ മിടുക്കോടെ ക്ലാസ്സിൽ അറിയിച്ചു.
(പുഷ്പ ഇന്ന് എതോ ഒരു പത്രത്തിൽ ജോലി ചെയ്യുന്നു എന്നാണെന്റെ അറിവ് )
പ്രണയം വളർന്ന് പന്തലിക്കുന്നു.
എല്ലാ ദിവസവും അവൾ എനിക്ക് കത്തു തരും. ഞാനും കത്തു നൽകും. രണ്ടു പേരുടെയും കത്തിന്റെ അവസാനം വായിച്ചു കഴിഞ്ഞു കീറിക്കളയുക എന്നുണ്ടാവും.അങ്ങനെ തന്നെ ചെയ്യും.
അന്ന് e-mail id യും mobile phone ഉം ഞങ്ങൾക്കില്ലായിരുന്നു. ഉച്ചക്ക് ഒരു മരത്തിന്റെ കീഴിൽ ഇരുന്ന് ഞങ്ങൾ ഭക്ഷണം കഴിക്കും. കുറച്ചു നേരം മാത്രമേ ഞങ്ങൾക്ക് സംസാരിക്കാൻ കഴിഞ്ഞുള്ളു. കാരണം അവളുടെ ഒരു realative അവിടെ പഠിക്കുന്നുണ്ടായിരുന്നു.അവിടെയാണു സൗമ്യ താമസിക്കുന്നത്. അതു കൊണ്ട് വളരെ ശ്രദ്ദിച്ചായിരുന്നു ഞങ്ങൾ പ്രേമിച്ചത്.
പ്രണയം ഒടുങ്ങുന്നു
ആ ഇടക്കാണു സ്കൂളിൽ സിനിമ പ്രദർശനം നടക്കുന്നത്. വളരെ active ആയ ഞാൻ എല്ലാ കാര്യങ്ങളിലും മുൻപിൽ തന്നെ ആയിരുന്നു. മൂന്ന് show കളാണുണ്ടായിരുന്നത്.എനിക്ക് മൂന്ന് show കളും കാണാൻ പറ്റും. അങ്ങനെ അവസാനത്തെ show ആയി, അതിലായിരുന്നു എന്റെ സൗമ്യ വന്നത്. എങ്ങനെയോ ഞങ്ങൾ രണ്ടുപേരും അടുത്തടുത്തായി ഇരിക്കേണ്ടി വന്നു.
സിനിമ ഞങ്ങളുടെ മുന്നിലൂടെ ഒരു പരിചയവും കാണിക്കതെ കടന്നു പോയി.ഞങ്ങൾ വാക്കുകളിലൂടെ അല്ലാതെ കണ്ണുകളിലൂടെ ഒരു പാട് സംസാരിച്ചു.
Interval ആയതു പോലും അറിയാതെ അവൾ എന്റെ തോളിൽ തല ചായ്ച്ച് കിടക്കുകയായിരുന്നു. ( ഞങ്ങൾ രണ്ട് പേരും അറിഞ്ഞില്ല അത് ഞങ്ങളുടെ പ്രണയത്തിന്റെ അവസാനത്തെ ദിവസമാണെന്ന്.)
വളരെ സന്തോഷവാനായി ഞാൻ അടുത്ത ദിവസം സ്കൂളിൽ എത്തി. എന്റെ സൗമ്യയെ കണ്ട് സംസാരിക്കാനുള്ള ആഗ്രഹവുമായി. ആദ്യത്തെ പീരിഡിൽ അവളെ കണ്ടീല്ല. നമ്മുടെ പ്യുൺ വീണ്ടും വന്നു. പുതിയ ഒരു കുട്ടിയുമായല്ല. പകരം എന്നെ ഒഫീസിലേക്ക് വിളിപ്പിക്കാൻ. ഞാൻ ഹാപ്പി യായി തന്നെ അവിടെക്ക് ചെന്നു.കാരണം എന്നെ ഇടക്ക് ഇങ്ങനെ വിളിക്കാറുണ്ട്. രാഷ്ട്രീയത്തിൽ സജീവമായിരുന്നതിനാൽ പലപ്പോഴും Head Master ഓട് സംസാരിക്കാൻ ഓഫിസിലേക്ക് വളിപ്പിക്കാറുണ്ടായിരുന്നു.
ഇപ്രാവിശ്യം പക്ഷെ ഒരു കുറ്റവാളി ആയിട്ടായിരുന്നു എന്നെ വിളിച്ചത്. സിബി സാർ എന്നെ computer lab ലേക്ക് കൊണ്ടു പോയി.എന്നോട് ചോദിച്ചു " നീ എന്തെങ്കിലും തെറ്റ് ചെയ്തോ?"
ഞാൻ ഇല്ല എന്നു പറഞ്ഞു സാർ കുറച്ച് പേപ്പർ എന്റെ മുന്നിൽ വെച്ച് കൊണ്ട് പറഞ്ഞു " ഇതോക്കെ സൗമ്യ H.M നു കൊടുത്തതാണു. നീ അവളെ ശ്യല്യപ്പെടുത്തുന്നു എന്നും പറഞ്ഞു.ഇനി പറ ഇത് തെറ്റല്ലേ?"
"ഒരാളെ സ്നേഹിക്കുന്നത് തെറ്റാണെന്നെനിക്ക് തോന്നുന്നില്ല സാർ…."
എന്ന എന്റെ മറുപിടി കേട്ട് സ്നേഹത്തോടെ ആ അദ്യാപകൻ എന്നോട് ചോദിച്ചു.
"അവൾക്ക് അത് നിന്നോടും തോന്നണ്ടേ?..."
ഞാൻ ആ കത്തുകളിലേക്ക് ഒന്ന് നോക്കി… 'സാർ , ഇതോക്കെ അവൾ എനിക്ക് തന്ന കത്തുകൾക്ക് ഞാൻ എഴുതിയതാണു …. അവൾ തന്ന കത്തുകൾ ഞാൻ അന്നു തന്നെ കീറിക്കളഞ്ഞു സാർ….."
പിന്നീട് ആ സാർ എന്നോട് എന്റെ വീട്ടിലെ കാര്യങ്ങളും മറ്റും പറഞ്ഞു. അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി. " അവൾക്ക് നിന്നേ വേണ്ടെങ്കിൽ വേണ്ട, നിന്റെ വീട്ടുകാർക്കും ഞങ്ങൾക്കും നിന്നെ വേണം… നീ നന്നായി പഠിക്ക്.
അപ്പോഴും ഞാൻ എന്റെ സൗമ്യക്ക് നൽകിയ കത്തുകളിലെ അവസാനത്തെ വരികളെന്നെ നോക്കി ഒരു പരിഹാസ ചിരി ചിരിക്കുന്നുണ്ടായിരുന്നു. " വായിച്ച് കഴിഞ്ഞ് കീറിക്കളയുക….."
അന്ന് ആ നിമിഷം മുതൽ എനിക്ക് എന്നെ നഷ്ടപ്പെടുകയായിരുന്നു. ക്ലാസ്സിൽ കയറാതെ ആയി. പരീക്ഷകളിൽ തോറ്റുതുടങ്ങി. അങ്ങനെ ക്ലാസ്സിലെ ഒന്നാമൻ ഏറ്റവും അവസാനത്തെ ആളായി. യൂത്ത് ഫെസ്റ്റിവെല്ലിൽ എല്ലാ item ങ്ങളിലും പങ്കെടുക്കാറുള്ള ഞാൻ എല്ലാം ഒഴിവാക്കി. കഷ്ടിച്ച് പത്താം ക്ലാസ്സ് പാസ്സായി.
+2 വിനും അതെ സ്കൂൾ. അവിടെയും അവൾ വന്നൂ. ഒരിക്കൽ എന്നോട് സംസാരിക്കാൻ വന്നു. ഞാൻ ഒന്നും കേൾക്കാൻ നിന്നില്ല. സിബി സാർ ഒരിക്കൽ പറഞ്ഞു " അവൾക്ക് നിന്നോട് എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞു.നിനക്ക് ഒന്നു സംസാരിച്ചൂടെ.?",
ഞാൻ വെറുതെ അദ്ദേഹത്തെ ഒന്നു നോക്കി. ( സംസാരിക്കാൻ പോയിട്ട് അവളെ ഓർക്കാൻ പോലും എനിക്കാവില്ലായിരുന്നു )
+2 വിലും എങ്ങനെയോ പാസ്സായി.
ഡിഗ്രീ ഫുൾ ടൈം രാഷ്ട്രിയം. അവിടെയും രണ്ട് പ്രാവിശ്യം എന്നേ കാണാൻ അവൾ വന്നിരുന്നു.ഞാൻ സംസാരിക്കാൻ നിന്നില്ല. അതിനു ശേഷം ഒരിക്കൽ പുഷ്പ പറഞ്ഞിട്ടാണു
ഞാൻ കഥകൾ അറിഞ്ഞത്.
അന്നത്തേ സിനിമയിക്കിടയിൽ ഞങ്ങൾ ഒരുമിച്ചിരുന്നത് അവളുടെ ആ ബന്ധു കണ്ടു.വീട്ടിൽ പറഞ്ഞു. അങ്ങനെ വീട്ടുകാർ പറഞ്ഞിട്ടാണത്രെ അന്നാ കത്തുകൾ സ്കൂളിൽ ഏല്പിച്ചത്.അതു ഒന്ന് അറിയിക്കാൻ പോലും ആ കുട്ടി അവളെ സമ്മതിച്ചില്ല. അതിനു ശേഷം ഞാൻ സംസാരിക്കാൻ നിന്നിട്ടുമില്ല.
ഞാൻ പുഷ്പയോട് പറഞ്ഞു - " എല്ലാം കഴിഞ്ഞു…. എനിക്ക് എന്നെ തന്നെയാണു നഷ്ടപ്പെട്ടത്."
പ്രണയ ദുരന്തം
അങ്ങനെ എല്ലാം മറന്ന് ഞാൻ എന്റെ MCA ചെയ്യാൻ തുടങ്ങി.
(ഇവിടെയാണെന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രണയം ആരംഭിക്കുന്നത്….)
അതി ഗംഭീരമായ വിദ്യാഭാസ ഘട്ടം.നന്നായി ഉഴപ്പി, 5 സെമസ്റ്റർ കഴിഞ്ഞപ്പോൾ ഒരു സെമസ്റ്റർ പോലും ജയിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എന്റെ അഛനോ അമ്മയോ കോളേജിന്റെ പരിസരത്തേക്ക് വരാത്തതു കൊണ്ട് ഒരു പ്രശ്നവും ഉണ്ടായില്ല.
ആ ഇടയ്ക്കാണു ഞാൻ ഒരു വാർത്ത കേട്ടത്…..
സൗമ്യ കന്യാസ്ത്രീത്വം സ്വീകരിച്ചു……..
( അവൾക്ക് പറയാനുള്ളത് എനിക്കൊന്ന് കേൾക്കാമായിരുന്നു…..)







